2010 ഒക്‌ടോബർ 16, ശനിയാഴ്‌ച

കുഞ്ചന്‍


രാജ്യം:  പാട്ടമുക്ക്
നക്ഷത്രം: രുഗ്മിണി 
അടയാളം:  പച്ചത്തവള  

സനാതനയുടെ തീരാ ദുഃഖം. സല്‍സ്വഭാവി, മൃഗസ്നേഹി എന്നൊക്കെ തോന്നുന്ന വിധം പെരുമാറ്റം. പൊതുവേ ശാന്തനായി കഴിയുന്ന ഇദ്ദേഹം ഗവേഷണം എന്ന് കേട്ടാല്‍ എന്തോ കണ്ട ഈച്ചയെ പോലെ ആവും. പിന്നങ്ങോട്ട് വിശ്രമമില്ലാതെ ഗവേഷിക്കുകയും, ഉദ്ദേശം സന്ധ്യയോടെ പുതുപുത്തന്‍ ആശയങ്ങളെ പാകം ചെയ്തെടുക്കുകയും ചെയ്യും. പുകള്‍ പെറ്റ ഈ 'ചെയ്ത്ത്' ഒന്നും രണ്ടും പെരുടെയല്ല ഉറക്കം കേടുതിയിട്ടുള്ളത് എന്നത് കാര്യം. മിണ്ടാപ്പൂച്ചയുടെ കഥ നന്നായി അറിയുന്ന കലങ്ങള്‍ ഉണ്ടായിരുന്നവരും, ഉള്ളവരും ഇനി ഉണ്ടാവാന്‍ പോകുന്നവരും ഇയാള്‍ നടന്ന വഴിയെ പോലും നടക്കാന്‍ ഒന്ന് പേടിക്കും. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മുതല്‍ മലപ്പുറം ഷാജി വരെ ഉള്ളവര്‍ ഇദ്ദേഹത്തിന്‍റെ കളിത്തോഴര്‍ മാത്രം.  "ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു"‌ എന്നതാണ് മുഖത്തെ സ്ഥായീഭാവം എങ്കിലും അറപ്പ്, വെറുപ്പ്‌, പുച്ഛം, കൊഴമ എന്നീ വകഭേദങ്ങള്‍ ഇടക്കാലത്ത് മിന്നി മറഞ്ഞതായി കണ്ടവരും കേട്ടവരും ഉണ്ടത്രേ.

2010 മാർച്ച് 7, ഞായറാഴ്‌ച

വലവാസു

രാജ്യം: കടവന്ത്ര
നക്ഷത്രം: അശ്വതി അല്ലെങ്കില്‍ല്‍ ബിനി
അടയാളം: വല
   
         ഈ ദുനിയാവില്‍ അവശേഷിക്കുന്ന ഒരേയൊരു വെജിറ്റേറിയന്‍ തീവ്രവാദി. മൂട്ടകളുടെ വര്‍ഗ ശത്രു. അഞ്ചില്‍ പഠിക്കുമ്പോള്‍ അമ്പതു ഇഡലി തിന്നു വീട്ടുകാരെ ഞെട്ടിച്ച അത്ഭുത ബാലന്‍. പിന്നീടുള്ള ഓരോ ചുവടുവെപ്പും തറവാടിന്റെ അടിത്തറ ഇളക്കി. മൂട്ടകളെ തൂക്കിക്കൊല്ലല്‍, അടുപ്പിലിട്ടു ചുട്ടു കൊല്ലല്‍, ഷേവിംഗ് ക്രീം ഹെയര്‍ ജെല്‍ എന്നിവയില്‍ മുക്കിവെച്ച് അഴുകിച്ചു കളയല്‍ എന്നിങ്ങനെ നൂതന മൂട്ട നിര്‍മാര്‍ജ്ജന രീതികളില്‍ ഗവേഷണമായിരുന്നു താല്പര്യം. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം കുഞ്ഞു വലവാസുവിനു മുന്നില്‍ മുട്ട് മടക്കി. അപ്പ്ഫന്‍ നമ്പൂരി പ്രശ്നം വെച്ചപ്പോള്‍ കൊച്ചിയില്‍ ഒരു കോഴ്സ് തെളിഞ്ഞു കണ്ടു, ഉടനെ കയറ്റി വണ്ടി കൊച്ചിയിലേക്ക്. പിന്നിട്ട വഴിയിലെവിടെയോ കാലില്‍ തറച്ച ഫോര്‍ടി ഗാര്‍ഡ്  എന്ന മുള്ളിനെ യുട്യൂബ് വെച്ച് പറിച്ചു മാറ്റിയതില്‍ പിന്നെ ഒടുക്കത്തെ യാത്രയായിരുന്നു. യു ജി സി  മുതല്‍ സനലേട്ടന്‍ വരെയുള്ളവര്‍ വാസുവിന്റെ ചങ്കുറപ്പിനു മുന്നില്‍ ആയുധം വെച്ചു. ഊണും ഉറക്കവും ഒഴിഞ്ഞ നേരത്ത് അല്‍പ്പം വിശ്രമിക്കും. അല്ലാത്ത സമയത്ത് തടിയന്റവിട നസീരുമായി ഒരു ചര്‍ച്ച, ഒരു കൂടിക്കാഴ്ച, ഒരു പദ്ധതി ഇത്യാദികള്‍. സ്വസ്ഥം.

2009 നവംബർ 26, വ്യാഴാഴ്‌ച

കൃമീഷ്



രാജ്യം
: കൃമിപുരം
നക്ഷത്രം : ചിത്തിര
അടയാളം കോണകം


       കേരള ബീവറേജ് കോര്‍പറേഷന്റെ സ്ഥാപകന്‍. കുതികാല്‍വെട്ട്‌, തെയ്യാട്ടം, വെള്ളമടി എന്നീ നാടന്‍ കലകളെ കോര്‍ത്തിണക്കി കൊണ്ടു ചെയ്യാവുന്ന ഒരു നൃത്തരൂപത്തിനു ജന്മം നല്കി. ഇതേ നേട്ടത്തിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്.  1934- 45 കാലയളവില്‍ പഴശ്ശിരാജയുടെ പടത്തലവന്‍ ആവാന്‍ ശ്രമിച്ചു. " ഈ ജീവിതത്തില്‍ പെണ്ണെന്നൊന്നില്ല പെങ്ങളേ.." എന്ന പ്രയോഗത്തിലൂടെ സ്ത്രീ ഹൃദയങ്ങളില്‍ ചേക്കേറാന്‍ ശ്രമിച്ച കുറ്റത്തിന് 2 വര്‍ഷത്തേക്ക് വീട് വിലക്കും ഊര് വിലക്കും ലഭിച്ചതിനാല്‍ സനാതനയില്‍  50 ഇല്‍ സ്ഥിര താമസം. പറയത്തക്ക ദുശ്ശീലങ്ങള്‍ ഇല്ലാത്തതായി ഒന്നുമില്ല. സ്ത്രീലംബടന്‍ എന്ന് കണ്ടാല്‍ പോലും പറയില്ല. ആഴ്ചയില്‍ 4  തവണ പല്ല് തേക്കും. റേഡിയോ മാംഗോ കേള്‍ക്കാതെ ഉറങ്ങില്ല. ചെയ്യുന്ന ജോലിയോട് പൂര്‍ണമായ ആത്മാര്‍ത്ഥത ഇത്തരം ജീവികളില്‍ കാണപ്പെടുന്ന ഒരു പ്രത്യേകതയാണ്. ഈ ജന്മത്തില്‍ മനുഷ്യന് ഗുണമുള്ള ഒന്നും ചെയ്യില്ല എന്ന പ്രതിജ്ഞ ആറാം വയസ്സില്‍ കൊച്ചച്ചന്‍ തലയില്‍ തൊടുവിച്ചു  എടുപ്പിച്ചതിനാല്‍  അണുവിട വ്യത്യാസപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

2009 ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഊഞ്ഞാലി മരയ്ക്കാര്‍.



രാജ്യം: പെരിങ്ങോം
നക്ഷത്രം: ഭരണി
അടയാളം: ചെവി

ഊഞ്ഞാലി തറവാട്ടിലെ അവസാനത്തെ പീസ്. കാമം ക്രോധം എന്നിവയില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ കൊച്ചിന്‍ യുനിവേഴ്സിറ്റിയിലെ കുപ്രസിദ്ധ ഹോസ്റ്റലായ സനാതനയിലേക്ക് മലകയറി. മലയാള ഭാഷാപോഷിണി എന്നും അറിയപ്പെടുന്നു. 'പൊഞ്ഞാറ്', 'കുമിര്‍ച്ച' തുടങ്ങിയ വാക്കുകള്‍ അനര്‍ഗനിര്‍ഘളമായ സംഭാവനകളില്‍ ഏതാനും ചിലവ മാത്രം. ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനു ശേഷം ഇന്ത്യ ഇപ്പോഴും സ്വതന്ത്രയായി നിലകൊള്ളുന്നതിനു ഒരേയൊരു കാരണ ഹേതു. ക്ഷിപ്ര കോപി, ക്ഷിപ്ര പ്രസാദി. ദിവസം മൂന്നു നേരം കുളിക്കും. 24 പുഷ് അപ്പ്‌ മുടങ്ങാതെ രാവിലെ 6.30 നു എടുക്കുന്നതുകൊണ്ട് പഴയ തറവാടന്‍ മസ്സിലുകള്‍ക്ക് അവിടിവിടെ ചതവുകള്‍ ഉണ്ടെന്നല്ലാതെ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. കോസ്മോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ മുതുമുത്തച്ചനെ ഗുണ്ടാ-ആക്ട്‌ പ്രകാരം ബ്രിട്ടീഷുകാര്‍ ഉഗാണ്ടയിലേക്ക് നാടു കടത്തിയ ശേഷം കുടുംബ ഭാരം മുഴുവന്‍ കുഞ്ഞു ചുമലില്‍ വന്നതാണ്‌. അതിന് ശേഷം ദൈവം സഹായിച്ചു കുടുംബത്ത് അടുപ്പ്‌ പുകഞ്ഞിട്ടില്ല.

ദീഫു.



രാജ്യം: നെടുമങ്ങാടി
നക്ഷത്രം: പൂരുരുട്ടാതി
അടയാളം: കോഴിക്കാട്ടം

സുമുഖന്‍ സുന്ദരന്‍ സ്നിഗ്ധമുഖന്‍. അറുത്ത കയ്ക്ക് ഉപ്പ് തേച്ചതിന് 13 വര്‍ഷം വനവാസം അനുഭവിക്കേണ്ടി വന്നു. മേല്‍പ്പറഞ്ഞ കാലയളവില്‍ കടുവയാണെന്ന് കരുതി ഒരു കസ്തൂരിമാനെ ആക്രമിച്ചതിന് സല്‍മാന്‍ഖാനോടൊപ്പം ഗോതമ്പുണ്ട തിന്നാന്‍ ഭാഗ്യം സിദ്ധിച്ചു. 'തേങ്ങയുടെ അരി' 'പണികിട്ടും' എന്നീ പദപ്രയോഗങ്ങളാല്‍ യുവമനസ്സുകളില്‍ കുതിരയോട്ടം നടത്തിയതിനു മേഘാലയ ഗവണ്മെന്റിന്റെ കണകുണ അവാര്‍ഡ്‌ ലഭിച്ചു. മൂന്നാം ക്ലാസ്സില്‍ വെച്ചു ഭൌതികശാസ്ത്രം സാറിന്റെ മൂക്കില്‍ പഞ്ഞി വെച്ചു തുടങ്ങിയ യാത്ര. അന്നും ഇന്നും ഓട്ടക്കീശ. ഇപ്പോള്‍ കുസാറ്റിന്റെ പ്രാന്തപ്രദേശങ്ങളില്‍ പശുവിനെ വളര്‍ത്തി കുടുംമ്പാസൂത്രണാനുസരണേ നല്ല ഇടയനായി ജീവിക്കുന്നു.

വിരിയന്‍.


രാജ്യം‍ : പക്രന്തളം
നക്ഷത്രം : ഭരണി
അടയാളം : കൊട്ടത്തേങ്ങ
ഗൌരവമായി വിഡ്ഢിത്തം പറയുന്നവന്‍ വിരിയന്‍. ഇവന്‍ എവിടെയൊക്കെ അഭിപ്രായം പറഞ്ഞിട്ടുണ്ടോ, അവിടെയൊക്കെ നാണം കേട്ടിട്ടുണ്ട് കേള്‍ക്കുന്നവര്‍.
ആനയും അമ്പാരിയും ഉള്ള തറവാട്ടിന്റെ മുറ്റത്തുകൂടെ സൈക്കിള്‍ ഓടിച്ച പരിചയം ഉണ്ട്. തിരിച്ചു കടിക്കുന്നവയും ഓടി രക്ഷപ്പെടുന്നവയും ഒഴികെ വെറുതെ കിട്ടുന്നതെന്തും വയറ്റിലേക്ക് പോകും. പരോപകാരിയാണെങ്കിലും വിയര്‍പ്പു നാറ്റം കാരണം ആരും അടുപ്പിക്കതതിനാല്‍ ഇതുവരെ ഉപകാരങ്ങള്‍ ഒന്നും ചെയ്തതായി അറിവില്ല. ഇന്ത്യ നിര്‍മിച്ച എല്ലാ റോക്കറ്റ്കളുടെയും സൂത്രധാരന്‍ ഇയാളാണ് എന്നത് പരമരഹസ്യമായ ഒരു സത്യമാണ്. ആഴ്ചയില്‍ മൂന്നു ഡയലര്‍ ടോണ്‍ പഥ്യം. ഇതിന് BSNL ലിന്റെ 'അയ്യോ പോയെ അയ്യയ്യോ പോയെ' ബഹുമതി എല്ലാ മാസവും വീട്ടില്‍ എത്താറുണ്ട്.